History

            തൃശ്ശൂര്‍ ജില്ലയിലെ,തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ബ്ലോക്കിലാണ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മായന്നൂര്‍, കൊണ്ടാഴി, ചേലക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കൊണ്ടാഴി ഗ്രാമപഞ്ചായത്തിന് 29.89 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് ചീരക്കുഴി പുഴയും പഴയന്നൂര്‍ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചോലക്കര, പാഞ്ഞാള്‍ പഞ്ചായത്തുകളും, ഭാരതപ്പുഴയും, തെക്കുഭാഗത്ത് പഴയന്നൂര്‍, ചേലക്കര പഞ്ചായത്തുകളും, വടക്കുഭാഗത്ത് ഭാരതപ്പുഴയുമാണ്. തൃശ്ശൂര്‍ ജില്ലയുടെ വടക്കേ അറ്റത്തായി പാലക്കാട് ജില്ലയോട് ചേര്‍ന്ന്, രണ്ടു വശവും പുഴയും, ഒരു വശം മലയും അതിര്‍ത്തിയിടുന്ന നിമ്നോന്നത പ്രദേശമാണ് കൊണ്ടാഴി പഞ്ചായത്ത്. പൊതുവേ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചരിഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തില്‍ മൂന്നിലൊന്ന് ഭാഗവും നെല്‍പ്പാടങ്ങളും ബാക്കി ഭാഗം മലകളും സമതലങ്ങളുമാണ്. നിളാനദിക്കു തെക്കായും ഗായത്രിനദിക്ക് (ചീരക്കുഴി പുഴ) പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കൊണ്ടാഴി പഞ്ചായത്തുപ്രദേശം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. 1953-ന് മുമ്പ് കൊണ്ടാഴി പഞ്ചായത്തില്‍ മായന്നൂര്‍, കൊണ്ടാഴി എന്നീ രണ്ടു വില്ലേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഴയ കൊച്ചിരാജ്യത്ത് പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുപ്പു നടന്നത് 1953-ലായിരുന്നു. ആ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പഴയന്നുര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചേലക്കോട് വില്ലേജിനെക്കൂടി കൊണ്ടാഴി പഞ്ചായത്തില്‍ ലയിപ്പിച്ചു. പഞ്ചായത്തില്‍ 1920 മുതലോ അതിനും മുമ്പോ സര്‍ക്കാരില്‍ നിന്നും നിശ്ചയിക്കപ്പെട്ട പ്രസിഡന്റിന്റെ ഭരണത്തിന്‍കീഴിലിരുന്നിട്ടുണ്ട് എന്നറിയുന്നു. ആദ്യത്തെ പ്രസിഡണ്ടു ഓട്ടൂര്‍ കുഞ്ഞന്‍നമ്പൂതിരിപ്പാട് ആയിരുന്നുവെന്നു പറയപ്പെടുന്നു. കൊച്ചിമഹാരാജാവ്, നാട്ടുരാജ്യത്തെ മഹാക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലേക്കു ദര്‍ശനത്തിനായി എഴുന്നള്ളുക പതിവായിരുന്നു. രാജകുടുംബത്തിന്റെ പരദേവതാക്ഷേത്രമായ പഴയന്നൂര്‍ ഭഗവതിക്ഷേത്രനടയിലൂടെ വേണമായിരുന്നു തിരുവില്വാമലക്ക് എഴുന്നള്ളാന്‍. ആചാരപ്രകാരം എഴുന്നള്ളണമെങ്കില്‍ ദേവിക്കു ആനയിരുത്തി കളഭം ചാര്‍ത്തുകയും എഴുന്നള്ളത്ത് കാണാനെത്തുന്ന സകലമാനജനങ്ങള്‍ക്കും ചോറിട്ടു പാട്ടു കഴിക്കയും വേണമെന്നായിരുന്നു വ്യവസ്ഥ. വമ്പിച്ച ചെലവ് വരുന്ന ഈ ചടങ്ങ് ഒഴിവാക്കാനായി മഹാരാജാക്കന്‍മാര്‍ ചേലക്കോടുവരെ വന്ന് കായാംപൂവത്ത് നിന്ന് എഴുന്നള്ളത്താവശ്യത്തിനായി നിര്‍മ്മിച്ച പാതയിലൂടെ കൊണ്ടാഴി വഴിയായിരുന്നു തിരുവില്വാമലക്കു പോയിരുന്നത്. വാഹനങ്ങളില്ലാത്ത അക്കാലത്ത് രാജാക്കന്‍മാരെ പല്ലക്കിലേറ്റി അമാലന്‍മാര്‍ നടകൊള്ളുകയായിരുന്നു പതിവ്. അങ്ങനെ രാജാവിനെ പല്ലക്കിലേറ്റി തിരുവില്വാമലയിലേക്ക് നടകൊണ്ടവഴി പിന്നീടു കൊണ്ടാഴിയായി അറിയപ്പെട്ടു എന്നാണ് സ്ഥലനാമചരിത്രം. കൊണ്ടാഴിയിലെ ഈ റോഡ് എഴുന്നള്ളത്തുറോഡ് എന്നും, ചീരക്കുഴി പുഴയില്‍ ചെന്നത്തുന്ന കടവ് എഴുന്നള്ളത്തുകടവ് എന്നുമാണ് ഇന്നും വിളിച്ചുപോരുന്നത്. രാമവര്‍മ്മരാജാവായിരുന്നു അവസാനമായി തിരുവില്വാമലക്കു എഴുന്നള്ളിയ കൊച്ചിരാജാവ്. കൊണ്ടാഴി പഞ്ചായത്തില്‍ പില്‍ക്കാലത്ത് പട്ടയമുള്ളവര്‍ക്ക് വോട്ടവകാശം നല്‍കി  തെരഞ്ഞെടുത്ത ഭരണസമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. 

1 comment:

  1. സ്ഥലനാമചരിത്രം പുതിയ അറിവ് ! Thanks

    ReplyDelete